തിരുവനന്തപുരം: പവര്‍ മാന്‍... പവര്‍... ഇത് എന്നാ സുമ്മാവാ... എന്നതായിരുന്നു സംസ്ഥാന സ്കൂള്‍ കായികമേളയിലെ പവര്‍ലിഫ്റ്റിംഗ് വേദിയില്‍നിന്നു മുഴങ്ങിയ ശബ്ദം അല്ല ഗര്‍ജനം... ഭാരോദ്വഹനത്തേക്കാള് (വെയ്റ്റ് ലിഫ്റ്റിംഗ്) അല്പംകൂടി സാങ്കേതികവും ശാരീരികവുമാണ് പവര്‍ലിഫ്റ്റിംഗ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ഭാരോദ്വഹനത്തില്‍ രണ്ട് ഓവര്‍ഹെഡ് ലിഫ്റ്റുകളാണുള്ളത്; സ്നാച്ചും ക്ലീന്‍ ആന്‍ഡ് ജെര്ക്കും. തലയ്ക്കു മുകളില്‍ ഭാരം ഉയര്‍ത്തുകയാണ് ഈ രണ്ട് ലിഫ്റ്റിംഗിന്റെയും രീതി. ശക്തി, വേഗം, വഴക്കം എന്നിവയാണ് ഇതിനാവശ്യം.
എന്നാല്‍, പവര്‍ലിഫ്റ്റിംഗില്‍ രണ്ടല്ല, മൂന്നു തരത്തില്‍ (സ്ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ്) ഭാരം ഉയര്‍ത്തണം. ഭാരോദ്വഹനത്തില്‍ അതിവേഗത്തിലാണ് ഭാരം ഉയര്‍ത്തുന്നതെങ്കില്‍ പവര്‍ലിഫ്റ്റിംഗില്‍ വേഗതയല്ല, അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ വേഗത കുറഞ്ഞ ലിഫ്റ്റുകളിലൂടെ പരമാവധി ഭാരം ഉയര്‍ത്തുകയാണ് വേണ്ടത്.
പവര്‍ലിഫ്റ്റിംഗിലെ ഭാരം വഹിക്കുന്ന ബാറിനു മാത്രം 20 കിലോഗ്രാം തൂക്കമുണ്ട്. മത്സരാര്‍ഥിയുടെ മുട്ടുചിരട്ട തെന്നിപ്പോകാതിരിക്കാന്‍ അതികഠിനമായി ബാന്‍ഡ് വരിഞ്ഞു മുറുക്കും. നടുവിനു ക്ഷതമേല്‍ക്കാതിരിക്കാന്‍ വീതിയേറിയ ബെല്‍റ്റും പരമാവധി മുറുക്കിക്കെട്ടും. തീര്‍പ്പുകല്‍പ്പിക്കാനുള്ള മൂന്നു വിധികര്ത്താക്കളില്നിന്ന് രണ്ട് വൈറ്റ് ഡോട്ട് (ക്ലീന്‍ ലിഫ്റ്റിംഗ്) ലഭിച്ചാല്‍ മാത്രമേ ലിഫ്റ്റിംഗ് സാധുവായി പരിഗണിക്കൂ.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാന സ്കൂള്‍ കായികമേളയിലെ പവര്‍ലിഫ്റ്റിംഗ് അരങ്ങേറിയത്. സീനിയര്‍ ആണ്-പെണ് വിഭാഗങ്ങളിലായിരുന്നു പവര്‍ലിഫ്റ്റിംഗ്. സീനിയര്‍ ആണ്‍കുട്ടികളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ ജിഎച്ച്എസ്എസ് മെഡിക്കല്‍ കോളജ് കോഴിക്കോടിന്റെ എന്‍.പി. റിതുലും 59 കിലോയില്‍ ആലപ്പുഴ പച്ച ലൂര്ദമാത എച്ച്എസ്എസിലെ ജിബിന്‍ എസ്. സജിയും സ്വര്‍ണം നേടി. 66 കിലോയില്‍ ഗവ. എച്ച്എസ്എസ് ബാലരാമപുരത്തിന്റെ എസ്. സിനാന് അഹമ്മദും 74 കിലോ വിഭാഗത്തില്‍ മലപ്പുറം ചേലബ്ര എന്‍എന്‍എംഎച്ച്എസ്എസിലെ കെ. ആകാശും 83 കിലോയില്‍ തിരുവനന്തപുരം ആനാട് എസ്എന്വിഎച്ച്എച്ച്എസിലെ ഡി.എന്‍. നീരജും സ്വര്‍ണത്തില്‍ മുത്തമിട്ടു.
പെണ്‍കുട്ടികളില്‍ എന്‍.എം. സ്വാതി (43 കിലോ. കോഴിക്കോട് വെള്ളിമാടുകുന്ന് എന്‍ജിഒ എച്ച്എസ്എസ്), ജെ.എസ്. ജിംഷ (47 കിലോ. തിരുവനന്തപുരം പേരൂര്‍ക്കട ജിജിഎച്ച്എസ്എസ്), എന്‍. സഹദിയ ഫാത്തിമ (52 കിലോ. കൊല്ലം അഞ്ചല്‍ ഗവ. എച്ച്എസ്എസ്), കെ.ആര്. അനുശ്രീ (57 കിലോ. പാലക്കാട് കൊങ്ങാട് കെപിആര്പിഎച്ച്എസ്), പി. ഋതിക (63 കിലോ. കണ്ണൂര്‍ മമ്പറം എച്ച്എസ്എസ്), ടി.വി. അര്‍ച്ചന (72 കിലോ. തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ്) എന്നിവര്‍ സ്വര്‍ണം സ്വന്തമാക്കി.